പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ റെസ്‌ലിങ് ഫെഡറേഷൻ ഒഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേ പ്രധാന തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്ന റിപ്പോർട്ട് ഡൽഹി പൊലീസ് നിഷേധിച്ചു. വാർത്താ ഏജൻസിയായ എഎൻഐയും തുടർന്ന് ദേശീയ മാധ്യമങ്ങളുമാണ് ഡൽഹി പൊലീസിനു തെളിവുകൾ കിട്ടിയിട്ടില്ലെന്നും, അറസ്റ്റ് പോലുള്ള നടപടികൾ സാധ്യമല്ലെന്ന നിലപാടിലാണെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടത്. പോക്സോ അടക്കമുള്ള നിയമങ്ങൾ പ്രകാരമാണ് ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണെതിരേ കേസെടുത്തിരിക്കുന്നത്.അതേസമയം, തെളിവില്ലെന്ന റിപ്പോർട്ട് നിഷേധിച്ചെങ്കിലും, തെളിവുണ്ടെന്നും പൊലീസ് പറയുന്നില്ല. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും പുരോഗമിക്കുന്നു എന്നും മാത്രമാണ് വിശദീകരണം.
കായിക രംഗത്തിനു ദോഷമുണ്ടാക്കുന്ന നടപടികൾ പാടില്ലെന്ന് സമരം ചെയ്യുന്ന ദേശീയ ഗുസ്തി താരങ്ങളോട് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. മെഡലുകൾ പുഴയിലൊഴുക്കുന്നതു പോലുള്ള നടപടികൾ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രിജ് ഭൂഷണെതിരേ രജിസ്റ്റർ ചെയ്തിരിക്കുന്ന പരാതികളിൽ അന്വേഷണം പൂർത്തിയാകുന്നതു വരെ കാത്തിരിക്കണമെന്നാണ് അനുരാഗ് ഠാക്കൂർ നൽകുന്ന ഉപദേശം.
ജമ്മു കശ്മീരിലെ പൂഞ്ചിൽ നുഴഞ്ഞു കയറ്റശ്രമം തകർത്ത് സൈന്യം. അതിർത്തിയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച 3 ഭീകരരെ പിടികൂടി. ഇവരിൽ നിന്ന് ആയുധശേഖരം പിടിച്ചെടുത്തുവെന്നും സൈനിക വക്താവ് വ്യക്തമാക്കി.
എല്ലാ വിഷയത്തെക്കുറിച്ചും അറിവുണ്ടെന്ന് നടിക്കുന്ന ചിലരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുഎസ് സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി കാലിഫോർണിയിലെ സർവകലാശാലയിൽ സംവദിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആഞ്ഞടിക്കുകയായിരുന്നു. 'ദൈവത്തോടു പോലും നരേന്ദ്ര മോദി പ്രപഞ്ചം എങ്ങനെ പ്രവർത്തിക്കണമെന്ന് വിശദീകരിക്കും. ഇത് കേൾക്കുമ്പോൾ ദൈവം പോലും താൻ എന്താണ് സൃഷ്ടിച്ചതെന്ന ആശയക്കുഴപ്പത്തിലെത്തും. ചിലർ ശാസ്ത്രജ്ഞർ, സൈനികർ, ചരിത്രകാരൻമാർ തുടങ്ങി എല്ലാവരേയും ഉപദേശിക്കും. എന്നാൽ അവർക്ക് കാര്യമായ അറിവുണ്ടാകണമെന്നില്ല. ഗുരുനാനാക്, മഹാത്മാ ഗാന്ധി, ബസവേശ്വരൻ തുടങ്ങിയവരൊന്നും തനിക്ക് എല്ലാമറിയുമെന്ന് വിചാരിച്ചല്ല കഴിഞ്ഞിരുന്നത്. ലോകം വളരെ വലുതാണെന്ന തിരിച്ചറിവാണ് വേണ്ടത്'- രാഹുൽ ഗാന്ധി പറഞ്ഞു.
മഴക്കാലം മുന്നിൽക്കണ്ട് സംസ്ഥാനത്ത് വെള്ളി മുതൽ പ്രത്യേക പനിക്ലിനിക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്. താലൂക്ക് ആശുപത്രികൾ മുതലാകും ക്ലിനിക്കുകൾ ആരംഭിക്കുക. കൂടാതെ പനിവാർഡുകളും ആരംഭിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിലായി സ്റ്റോക്ക് പരിശോധിക്കും. എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരും ഇതുറപ്പ് വരുത്തണം. ഏത് പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ ഡോക്ടറുടെ സേവനം തേടണം. സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കാൻ വിളിച്ച യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
വീണ്ടും കരുത്തുതെളിയിച്ച് ഐഎൻഎസ് വിക്രാന്തും നാവികസേനയും. എംഎച്ച് 60 ആർ ഹെലികോപ്‌റ്റർ വിജയകരമായി, ഇന്ത്യയുടെ ആദ്യ തദ്ദേശനിർമിത വിമാനവാഹിനി കപ്പലായ വിക്രാന്തിൽ പറന്നിറങ്ങി. ഈ നേട്ടം നാവികസേനയുടെ അന്തർവാഹിനിവേധ പോരാട്ടത്തിന് ഉത്തേജനം പകരുമെന്ന് സേന പ്രതികരിച്ചു. അടുത്തിടെ മിഗ് 29 കെ യുദ്ധവിമാനം ഐഎൻഎസ് വിക്രാന്തിൽ ഇറങ്ങിയിരുന്നു.
പൊലീസ് തലപ്പത്ത് മാറ്റം. കെ പത്മകുമാറിനും ഷെയ്‌ക് ദർവേഷ് സാഹിബിനും സ്ഥാനക്കയറ്റം നൽകി. ഇരുവർക്കും ഡിജിപി റാങ്ക് നൽകി. കെ പത്മകുമാറിനെ ജയിൽ ഡിജിപിയാക്കിയാണ് സ്ഥാനക്കയറ്റം. ഷെയ്‌ക് ദർവേഷ് സാഹിബ് ഫയർഫോഴ്‌സ് മേധാവി സ്ഥാനത്തേക്കാണ്. ബൽറാം കുമാർ ഉപാദ്ധ്യായ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ് ഡിജിപി ആയും എച്ച് വെങ്കിടേഷിനെ ക്രൈംബ്രാഞ്ച് മേധാവിയായും നിയമിച്ചു.
പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായ യാത്രാ കപ്പൽ സർവീസ് ആരംഭിക്കുവാൻ നോർക്കയുമായി സഹകരിച്ച് പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ. വിദേശ രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളിൽ നിന്ന് വിമാന കമ്പനികൾ ഉത്സവ സീസണുകളിൽ ഭീമമായ തുകയാണ് യാത്രക്കായി ഈടാക്കുന്നത്. തുച്ഛമായ സമ്പാദ്യത്തിന്റെ സിംഹഭാഗവും യാത്രക്കായി മാറ്റിവെക്കേണ്ട സാഹചര്യമാണ് പ്രവാസികൾക്ക് നിലവിലുള്ളത്. പ്രവാസികളുടെ യാത്രാപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ 15 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതുകൂടി ഉപയോഗപ്പെടുത്തി കപ്പൽ സർവീസ് ആരംഭിക്കാനാണ് ആലോചന.
വിദ്യാർഥികളുടെ ചാർജ് വർധന അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിന്. സംസ്ഥാന പ്രസിഡന്റ് കെ കെ തോമസ് അഞ്ചിന് സെക്രട്ടറിയറ്റ് നടയിൽ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലൈംഗികാരോപണ വിധേയനായ റെസ്‌ലിങ് ഫെഡറേഷൻ ഒഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേ സമരം ചെയ്യുന്ന ദേശീയ ഗുസ്തി താരങ്ങൾക്കു പിന്തുണയുമായി മലയാള സിനിമയിലും പ്രതികരണങ്ങൾ. ടൊവിനോ തോമസും ഷെയ്ൻ നിഗമുമാണ് ഏറ്റവുമൊടുവിൽ സമൂഹ മാധ്യമങ്ങളിലൂടെ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുവരും താരങ്ങളെ പൊലീസ് കൈയേറ്റം ചെയ്യുന്നത് അടക്കമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
മുടി നീട്ടി വളർത്തിയതിന് ആൺകുട്ടിക്ക് സ്കൂൾ പ്രവേശനം നിഷേധിച്ചതായി പരാതി. മലപ്പുറം തിരൂർ എംഇടി സിബിഎസ്ഇ സ്ക്കൂളിന് എതിരെ ആണ് ആക്ഷേപം. കുട്ടിയുടെ മാതാവ് ചൈൽഡ് ലൈനിൽ പരാതി നൽകി. ചൈൽഡ് ലൈൻ, സ്കൂൾ അധികൃതരിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. പ്രവേശനം നിഷേധിച്ചതിനു പിന്നാലെ കുട്ടി സർക്കാർ സ്ക്കൂളിൽ പ്രവേശനം നേടി.
കേരള തീരപ്രദേശത്തെ കടലില്‍ ജൂൺ 10 മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനം. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മത്സ്യങ്ങളുടെ പ്രജനകാലം കണക്കിലെടുതത് 52 ദിവസത്തെ ട്രോളിങ് നിരോധനമാണ് ഏർപ്പെടുത്തിയത്.
പൊലീസ് ഉദ്യോഗസ്ഥരാണ്, എക്സൈസ് ഉദ്യോഗസ്ഥരാണ് എന്നതുകൊണ്ട് കുടുംബം ലഹരി വിമുക്തമാവില്ലെന്ന് എക്സൈസ് കമ്മീഷണർ എസ് ആനന്ദകൃഷ്ണൻ. നമ്മുടെ കുടുംബാംഗങ്ങളിൽ ചിലർ അത്തരം അവസ്ഥയിൽ ചെന്നു ചാടുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർവ്വീസിൽ നിന്നും വിരമിക്കുന്നതിന്റെ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
എല്ലാ ഒടിടി പ്ലാറ്റ്ഫോമുകളിലെയും കണ്ടെന്‍റുകളുടെ തുടക്കത്തിൽ ഇനി മുതൽ പുകയില വിരുദ്ധ സന്ദേശം നിർബന്ധമായും കാണിക്കണമെന്ന് ഉത്തരവിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവുമായി നടത്തിയ ചാർച്ചയ്ക്കു ശേഷമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ തീരുമാനം.
സംസ്ഥാനത്തെ 19 തദ്ദേശവാർഡുകളിലെ ഉപതെരഞ്ഞെടുപ്പുഫലം പുറത്തു വന്നപ്പോൾ എൽഡിഎഫും യുഡിഎഫും 7 സീറ്റുകൾ വീതം സ്വന്തമാക്കി. ബാക്കിയുള്ള നാലു സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർഥികളും ഒരു സീറ്റിൽ ബിജെപിയുമാണ് വിജയിച്ചിരിക്കുന്നത്.
ആലപ്പുഴയിൽ 2 ഹൗസ് ബോട്ടുകൾ പിടിച്ചെടുത്തു. പുന്നമടയിൽ തുറമുഖവകുപ്പും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബോട്ടുകൾ പിടിച്ചെടുത്തത്. നിയമാസൃതമായ യാതൊരു രേഖകളും ബോട്ടുകൾക്ക് ഉണ്ടായിരുന്നില്ല. 6 ബോട്ടുകൾക്ക് പിഴയടയ്ക്കാൻ നോട്ടീസ് നൽകി.
കൊട്ടാരക്കാരെ താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്‍റെ കുടുംബത്തിനും തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ മരിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ സ്വദേശി രഞ്ജിത്തിന്‍റെ കുടുംബത്തിനും 25 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് മന്ത്രി സഭ യോഗം. കോട്ടയം സ്വദേശിയായ വന്ദന ദാസിനെ, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിചെയ്യവെ വൈദ്യ പരിശോധനയ്ക്കെത്തിച്ച പ്രതി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കിൻഫ്ര പാർക്കിൽ മെഡിക്കൽ സർവീസസ് കോർപറേഷന്‍റെ ഗോഡൗണിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കെയായിരുന്നു രഞ്ജിത്തിന്‍റെ മരണം.
അരിക്കൊമ്പന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ട്വന്‍റി ട്വന്‍റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ആനയെ കേരളത്തിലേക്ക് കൊണ്ട് വരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും ഹർജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നും കോടതി തുറന്നടിച്ചു. ആന നിലവിൽ തമിഴ്നാട് ഭാഗത്താണുളളത്. ഉൾവനത്തിലേക്ക് ആനയെ ഓടിക്കണമെന്നാണ് തമിഴ്നാടിന്‍റെ ആവശ്യം. തമിഴ്നാട് വനം വകുപ്പ് ആനയെ എന്തെങ്കിലും തരത്തിൽ ഉപദ്രവിച്ചതായി തെളിവില്ല. ആനയെ സംരക്ഷിക്കാമെന്നും അവർ അറിയിച്ചിട്ടുണ്ട്. ആ സ്ഥിതിക്ക് എന്തിനാണ് ആനയെ തിരികെ കൊണ്ട് വരണമെന്ന് നിങ്ങൾ പറയുന്നതെന്നും കോടതി ചോദിച്ചു.
വായ്പാപരിധി വെട്ടിക്കുറയ്ക്കലിൽ വിശദീകരണം തേടി കേരളം കേന്ദ്രത്തിന് കത്തയച്ചു. വായ്പാ കണക്കുകൾ വിശദീകരിക്കണമെന്നാണ് ആവശ്യം. ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറിയാണ് കേന്ദ്രസർക്കാരിന് കത്തയച്ചത്. സംസ്ഥാന സർക്കരിന്‍റെ വായ്പാ പരിധി നിശ്ചയിച്ച കണക്കുകളുടെ വിശദാംശങ്ങൾ തേടാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു.
വേനലവധി കഴിഞ്ഞു. പുതിയ പുസ്തകവും ബാഗുകളുമായി സ്കൂളിലേക്ക് പോവാനൊരുങ്ങുകയാണ് കുട്ടികൾ. 3 ലക്ഷത്തിലധികം കുരുന്നുകളാണ് ഇന്ന് ഒന്നാം ക്ലാസിലേക്ക് എത്തുന്നത്. കുരുന്നുകൾക്കായുള്ള പ്രവേശനോത്സവത്തിനായുള്ള ഒരുക്കങ്ങളൊക്കെ പൂർത്തിയായി കഴിഞ്ഞു. ബലൂണുകളും തോരണങ്ങളുമൊക്കെ തയാറാക്കി അധ്യാപകരും റെഡിയായി.
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ പരാതിക്കാരൻ ആത്മഹത്യ ചെയ്തതിനു പിന്നാലെ ബാങ്കിന്‍റെ മുൻ പ്രസിഡന്‍റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.കെ. എബ്രഹാം കസ്റ്റഡിയിൽ. ബാങ്കിന്‍റ മുൻ സെക്രട്ടറി രമാദേവിയേയും ചോദ്യം ചെയ്യും. ചൊവ്വാഴ്ച്ചയാണ് വായ്പാ തട്ടിപ്പ് കേസിൽ കർഷകനായ രജേന്ദ്രൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഇതിനെ തുടർന്ന് എബ്രഹാം ഉൾപ്പടെയുള്ളവർക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ബാങ്ക് രേഖാപ്രകാരം രാജേന്ദ്രന് 40 ലക്ഷം രൂപ കുടിശ്ശികയുണ്ട്. എന്നാല്‍ 80,000 രൂപ മാത്രമാണു താൻ വായ്പയെടുത്തതെന്നും, ബാക്കി തുക തന്‍റെ പേരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്ക് മുന്‍ ഭരണസമിതി തട്ടിയെടുത്തെന്നുമായിരുന്നു രാജേന്ദ്രന്‍റെ പരാതി. കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് രാജേന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
കേരളത്തിന്‍റെ പരിതസ്ഥിതിക്ക് അനുയോജ്യമല്ലാത്ത എഞ്ചിന്‍ കപ്പാസിറ്റി കൂടിയ ബൈക്കുകളുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് . ഇക്കാര്യത്തില്‍ അനന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കമ്മീഷനെ അറിയിച്ചു.
കാടാമ്പുഴയിൽ ദേവസ്വത്തിന്‍റെ ഡയാലിസിസ് സെന്‍ററിന്‍റെ ഉദ്ഘാടനത്തിനായി പണപ്പിരിവ് നടത്തിയതിൽ മലബാർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സഹകരണ സൊസൈറ്റിപോലെ പണം പിരിക്കാമെന്നും രാഷ്‌ട്രീയ കാര്യത്തിനെന്ന പോലെ പെരുമാറാമെന്നും വിചാരിച്ചോ എന്നു കോടതി ചോദിച്ചു. ഹർജി വന്നില്ലായിരുന്നെങ്കിൽ ഇക്കാര്യം ആരും അറിയുമായിരുന്നില്ലല്ലോ എന്ന ആശങ്കയും കോടതി അറിയിച്ചു.
സാമുദായിക സംഘർഷം കടുത്ത മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കാനായി മൂന്നിന സമീപനങ്ങൾ നടപ്പാക്കാനൊരുങ്ങി സർക്കാർ. മെയ്തി-കുകി വംശജർ തമ്മിലുള്ള തർക്കങ്ങളാണ് നാളുകളോളമായി മണിപ്പൂരിന്‍റെ സമാധാനം കെടുത്തുന്നത്. കലാപബാധിത പ്രദേശത്തെ ജനങ്ങളുമായി സംസാരിക്കുക, വീടുപേക്ഷിച്ചു പോകേണ്ടി വന്നവർക്ക് വേണ്ടത്ര സുരക്ഷ ഉറപ്പു നൽകി അവരെ പുനരധിവസിപ്പിക്കുക, അക്രമങ്ങളെ നിയന്ത്രിക്കുക എന്നിവയാണ് സർക്കാരിനു മുന്നിലുള്ള മൂന്നു മാർഗങ്ങൾ.